14/06/2019
ലോകത്തിൽ വിജയിച്ചവരെ നിരീക്ഷിച്ചാൽ വിജയിക്കുക എന്ന ആശയം തന്നെ നിങ്ങൾ ഉപേക്ഷിക്കും. വിജയം പോലെ പരാജയപ്പെടുന്ന മറ്റൊന്നില്ല. വിജയം പോലെ വിജയിക്കുന്ന മറ്റൊന്നില്ലെന്നാണ് നിങ്ങളോട് പറയപ്പെട്ടിട്ടുള്ളതെങ്കിലും, ഞാൻ പറയുന്നത് വിജയം പോലെ പരാജയപ്പെടുന്ന ഒന്നില്ലെന്നാണ്. സന്തോഷത്തിന് വിജയവുമായി യാതൊരു ബന്ധവുമില്ല, സന്തോഷത്തിന് ഉത്ക്കർഷേച്ഛയുമായി യാതൊരു ബന്ധവുമില്ല, സന്തോഷത്തിന് പണവുമായി യാതൊരു ബന്ധവുമില്ല, സന്തോഷത്തിന് അധികാരവും അംഗീകാരവുമായി യാതൊരു ബന്ധവുമില്ല. സന്തോഷം തികച്ചും വ്യത്യസ്തമായ ഒരു മാനമാണ്.
സന്തോഷത്തിന് നിങ്ങളുടെ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. നിങ്ങളുടെ അവബോധവുമായിട്ടാണ് ബന്ധമുള്ളത്. ഞാൻ നിങ്ങളെ ഓർമ്മപെടുത്തട്ടെ. സ്വഭാവം സ്വരൂപിച്ചെടുക്കുന്നതാണ്. നിങ്ങൾക്ക് ഒരു പുണ്യവാളനാകാൻ സാധിച്ചേക്കാം, അപ്പോഴും നിങ്ങൾ ആനന്ദത്തിലായിരിക്കണമെന്നില്ല, -- നിങ്ങളുടെ പുണ്യാളത്വം പരിശീലനത്തിലൂടെ നേടിയെടുത്ത പുണ്യാളത്വമാണെങ്കിൽ. അങ്ങിനെയാണ് ആൾക്കാർ പുണ്യവാളന്മാരാകുന്നത്. കത്തോലിക്കരും ജൈനന്മാരും ഹിന്ദുക്കളുമായ പുണ്യാളന്മാരാകുന്നത്. അവർ എങ്ങിനെയാണ് പുണ്യാളന്മാരാകുന്നത്? ഇഞ്ചോടിഞ്ച് പരിശീലിച്ചുകൊണ്ട് -- എപ്പോൾ ഉണരണം, എപ്പോൾ ഭക്ഷിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് ഭക്ഷിക്കരുത്, എപ്പോൾ ഉറങ്ങണം.....
ഇത്തരം ആൾക്കാർ എന്റെ അടുക്കലും വന്നു ചോദിക്കാറുണ്ട്. നിങ്ങളുടെ സന്യാസികൾക്ക് അച്ചടക്കവും നിബന്ധനകളും ചട്ടക്കൂടുകളും എന്തുകൊണ്ടില്ല എന്ന്. ഞാനവർക്ക് സ്വഭാവമല്ല അവബോധമാണ് നൽകുന്നത്. എനിക്ക് സ്വഭാവത്തിൽ വിശ്വാസമേയില്ല. എന്റെ വിശ്വസ്തത അവബോധത്തിലാണ്. കൂടുതൽ അവബോധമുള്ളവരാകുമ്പോൾ സഹജമായി സ്വഭാവത്തിലും മാറ്റം വരും. പക്ഷെ ആ മാറ്റം തികച്ചും വ്യത്യസ്തമാണ്. അത് മനസ്സിന്റെ ഇടപെടൽ കൊണ്ടുണ്ടാകുന്നതല്ല -- അത് സ്വാഭാവികമാണ്, അയത്നഫലമാണ്. നിങ്ങളുടെ പ്രകൃതം അയത്നവും സ്വാഭാവികവുമാകുമ്പോൾ അതിന് അതിന്റേതായ ഒരു ഭംഗിയുണ്ടാകുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ഓരോന്നായി മാറ്റികൊണ്ടിരിക്കാം........... ദേഷ്യത്തെ ഉപേക്ഷിക്കാം....... അങ്ങനെ പലതും ഉപേക്ഷിക്കാം........ നിങ്ങൾ അവയൊക്കെ എവിടെയാണ് ഉപേക്ഷിക്കുക? നിങ്ങളുടെ അവബോധത്തിലാണ് നിങ്ങൾ ഉപേക്ഷിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ഒരുവശം നിങ്ങൾക്ക് മാറ്റാനാകും, പക്ഷെ നിങ്ങൾ ഉപേക്ഷിക്കുന്നതെല്ലാം മറ്റൊരു മൂലയിൽനിന്ന് തലനീട്ടാൻ തുടങ്ങും. അതങ്ങിനെയെ ആകൂ. നിങ്ങൾക്ക് ഒരു അരുവിയെ പാറ കൊണ്ട് തടയാൻ കഴിഞ്ഞേക്കാം. ആ അരുവി മറ്റേതെങ്കിലും വഴിക്ക് ഒഴുകിപ്പോകും. നിങ്ങൾക്ക് ആ അരുവിയെ ഇല്ലാതാക്കാൻ ആകില്ല. നിങ്ങൾ അബോധാവാനായതിനാൽ കോപവും ആർത്തിയും അവിടെ ഉണ്ടായിരിക്കും, അസൂയയും സ്വന്തമാക്കാനുള്ള ത്വരയും ഉണ്ടായിരിക്കും.
അതുകൊണ്ട് എനിക്ക് നിങ്ങളുടെ ദേഷ്യം മാറ്റുന്നതിൽ താൽപ്പര്യമില്ല, അത് ഒരു ചെടിയെ നശിപ്പിക്കുവാനായി അതിന്റെ ഇലയെ മുറിച്ചുമാറ്റുന്നതു പോലെയാണ്. നേരെ വിപരീതമായിരിക്കും സംഭവിക്കുക. മുറിച്ചു മാറ്റുംതോറും തഴച്ചുവളരും.
അതുകൊണ്ട്, നിങ്ങൾ പുണ്യവാളന്മാരെന്ന് വിളിച്ച് കൊണ്ടാടുന്നവർ ഏറ്റവും വലിയ നാട്യക്കാരും കാപട്യം നിറഞ്ഞവരുമാണ്. ശരിയാണ്, നിങ്ങൾ ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവർ വളരെ വിശുദ്ധരാണ് -- ആവശ്യത്തിലേറെ വിശുദ്ധർ -- സത്ചരിതർ. ആവശ്യത്തിലേറെ മാധുര്യമുള്ളവർ, ഓക്കാനമുണ്ടാക്കുന്നത്ര. പക്ഷെ ആ പുണ്യവാളന്മാരോടൊത്ത് നിങ്ങൾക്ക് 24 മണിക്കൂർ പോലും ഒന്നിച്ച് ജീവിക്കാനാവില്ല. അദ്ദേഹത്തിന്റെ അടുത്തുപോയി നമസ്ക്കരിച്ച് രക്ഷപെട്ടു കളയാനെ പറ്റൂ. അവർ നിങ്ങളെ മരണത്തോളം ബോറടിപ്പിക്കും. നിങ്ങൾ അയാളോട് കൂടുതൽ അടുക്കുംതോറും കൂടുതൽ ആശയക്കുഴപ്പത്തിലാകും, അന്ധാളിച്ചുപോകും. അവർ കോപത്തെ അടിച്ചമർത്തുന്നതുകൊണ്ട് ആ കോപം മറ്റു ചില വഴികളിലൂടെ കടന്നുവരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.
സാധാരണയായി ആൾക്കാർ വല്ലപ്പോഴുമൊക്കെ ദേഷ്യപ്പെടും, അവരുടെ ദേഷ്യം താത്‌ക്കാലികവും പെട്ടെന്ന് മറഞ്ഞുപോകുന്നതുമാണ്. അവർ വീണ്ടും ചിരിച്ചുല്ലസിക്കും. സൗഹൃദം കാട്ടും. അവർ അധികനേരം മുറിവുകൾ വച്ചുകൊണ്ടിരിക്കില്ല. പക്ഷെ നിങ്ങൾ പുണ്യവാളൻമാരെന്ന് വിളിക്കുന്നവരുടെ ദേഷ്യം സ്ഥായിയായിരിക്കും. കോപം അവരുടെ സഹജസ്വഭാവമാണ്. പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. അവർ കോപം അത്രകണ്ട് ഉള്ളിൽ അമർത്തിവച്ചിട്ടുള്ളതിനാൽ ഇപ്പോൾ അവർ കേവലം കുപിതരായി, കോപമെന്ന അവസ്ഥയിലായിരിക്കുന്നു. ഈ കോപം അവരുടെ കണ്ണുകളിൽ കാണാം, മൂക്കിലും മുഖത്തും അവരുടെ ജീവിതത്തിൽ ആകെയും കാണാം.
നിങ്ങളുടെ സ്വഭാവം മാറ്റുന്നത് എളുപ്പമാണ് ; നിങ്ങളുടെ അവബോധത്തിൽ മാറ്റമുണ്ടാക്കുകയാണ് യഥാർത്ഥ പ്രവൃത്തനം -- കൂടുതൽ കൂടുതൽ ബോധപൂർണ്ണരാകുക, തീവ്രമായി, നിറഞ്ഞബോധത്തോടെ ആയിരിക്കുക. നിങ്ങൾ ബോധപൂർണ്ണരായിരിക്കുമ്പോൾ ദേഷ്യപ്പെടുക അസാധ്യമാണ്. ആർത്തികാട്ടുക അസാധ്യമാണ്. അസൂയാലുവാകുക അസാധ്യമാണ്. ആഗ്രഹങ്ങൾ ഉള്ളവരായിരിക്കുക അസാധ്യമാണ്.
നിങ്ങളുടെ എല്ലാ കോപങ്ങളും ആഗ്രഹങ്ങളും അസൂയകളും സ്വന്തം എന്ന നിലപാടുകളും കാമവും അപ്രത്യക്ഷമാകുമ്പോൾ അവയിൽ ഉൾപ്പെട്ടിരുന്ന ഊർജ്ജം സ്വാതന്ത്രമാക്കപ്പെടുന്നു. അത് ആനന്ദമായി മാറുന്നു. ഇപ്പോൾ ആനന്ദം പുറമെനിന്ന് വരുന്നതല്ല. നിങ്ങളുടെ ഉള്ളിൽ നിങ്ങളുടെ സത്തയുടെ അടിത്തട്ടിൽ സംഭവിക്കുകയാണത്.
നിങ്ങൾക്ക് ഈ ഊർജ്ജം കരഗതമാകുമ്പോൾ നിങ്ങൾ ഒരു സ്വാഗത തലത്തിലാകുന്നു, കാന്തിക തലത്തിലാകുന്നു. നിങ്ങൾ അതീതമായതിനെ ആകർഷിക്കുകയാണ് ---- നിങ്ങൾക്കതിനെ ' ദൈവം ' എന്ന് വിളിക്കാം. ബുദ്ധൻ ഇതിനെ ഒരിക്കലും 'ദൈവം ' എന്ന് വിളിച്ചില്ല ' അതീതമായത് ' എന്നാണ് അദ്ദേഹം വിളിച്ചത്. അതാണ് ദൈവത്തിനുള്ള ബുദ്ധന്റെ പേര്...
അതീതവുമായുള്ള നിങ്ങളുടെ സത്തയുടെ കൂടിച്ചേരലാണ് ആനന്ദം., യഥാർത്ഥ സന്തോഷം ഇത് ശുദ്ധ സന്തോഷമാണ്, അസന്തുഷ്ടിയുടെ ഒരു നിഴൽപോലുമില്ലവിടെ. ഇതിന് മരണത്തെക്കുറിച്ച് അറിയുകയേയില്ല. പരിശുദ്ധ ജീവിതമാണത്. ഇരുട്ടിനെക്കുറിച്ച് അതിനൊന്നും അറിയുകയില്ല. അത് പരിശുദ്ധ പ്രകാശമാകുന്നു.
( ഇത് ധർമ്മം സനാതനം ) എന്ന പുസ്തകത്തിൽ നിന്നും............. ഓഷോ............ ഓഷോ............ ഓഷോ........... ഓഷോ..........